
വടകര: ചുഴലിക്കാറ്റിലും മഴയിലും തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശം. വീടുകള്‍ക്കും കൃഷിക്കും നാശം നേരിട്ടു. തിരുവള്ളൂര്‍ വെള്ളൂക്കര പ്രദേശത്ത് അതിശക്തമായി വീശിയ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചില
വീടുകളുടെ മേല്‍ക്കൂരകള്‍ ഭാഗികമായി തകര്‍ന്നു.
പ്രദേശത്തെ കൃഷിയിടങ്ങള്‍ക്കും വലിയ നാശനഷ്ടമാണ് ഉണ്ടായത്. വാഴ, തെങ്ങ്, പച്ചക്കറി കൃഷികള്‍ ഉള്‍പ്പെടെ വിവിധ കൃഷികള്‍ കാറ്റിലും മഴയിലും നശിച്ചു. പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണ്
ഗതാഗത തടസ്സവുമുണ്ടായി.
റീത്ത താഴെ ഇടക്കണ്ടി, സത്യന്‍ ചാലില്‍ മീത്തല്‍, സുബൈര്‍ പുത്തലത്ത്, മീനാക്ഷി ചാലില്‍ മീത്തല്‍, റിജു കുന്നുംപുറത്ത്, സത്യന്‍ ചെറുവോട്ട്, ദേവീ ചാലില്‍ മീത്തല്‍ എന്നിവരുടെ വീടുകള്‍ക്ക് നാശം നേരിട്ടു. പഞ്ചായത്ത് പ്രസിഡന്റണ്ട് എല്‍വി രാമകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ അദീന പി എസ് എന്നിവരും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
ചുഴലിക്കാറ്റില്‍ മണിയൂര്‍ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഭാഗങ്ങളില്‍ വലിയ തോതില്‍ നാശ
നഷ്ടങ്ങളുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ദിഗേഷിന്റെ വീടിന്റെ പിന്‍ഭാഗത്ത് കൂറ്റന്‍ ചളിര്‍ മരം വീണ് ശുചിമുറി പൂര്‍ണമായും തകര്‍ന്നു. കുളമുള്ള കുഴിച്ചാലില്‍ ബിനുവിന്റെ വീടിന് മുകളില്‍ മരം വീണ് ചുമരില്‍ വിള്ളലും മുറ്റത്തെ അലുമിനിയം ഷീറ്റിട്ട മേല്‍ക്കൂര പൂര്‍ണ്ണമായും തകരുകയും ചെയ്തു.
കാപ്പുംകര മീത്തല്‍ ഉമേശന്റെ വീടിന്റെ മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂരയിലെ വാര്‍പ്പ്
അടര്‍ന്നു വീണു. ആളപായം ഉണ്ടാവാതിരുന്നത് ആശ്വാസകരമായി. ശക്തമായ കാറ്റില്‍ കേടുപാടുകള്‍ പറ്റിയ വീടുകള്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ നഷ്ടം കണക്കാക്കുന്നു.
മണിയൂര്‍ മന്തരത്തൂര്‍ വലിയപറമ്പില്‍ കുഞ്ഞിരാമന്റെ വീടിന് മുകളില്‍ മരം പൊട്ടിവീണ് നാശമുണ്ടായി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ, വൈസ് പ്രസിഡന്റ് ഷഹബത്ത് ജൂന, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.യൂസുഫ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സി.എം സുനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ കെ അമ്മദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
















