
വടകര: സംസ്ഥാന ഫോക്ലോര് അക്കാദമി പുരസ്കാരത്തിന് മാപ്പിള കലാ വിഭാഗത്തില്‍ ഷഹീര്‍ വടകര അര്‍ഹനായി. വട്ടപ്പാട്ട്, അറബന മുട്ട്, ഒപ്പന, ദഫ്മുട്ട്, മാപ്പിളപ്പാട്ട് എന്നിവയിലെ
സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം.
അമ്പതുകാരനായ ഷഹീര്‍ വടകര ഈ രംഗത്ത് സജീവമാണ്. മാപ്പിള കലകളെ കുറിച്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒപ്പന പാടാനും അറിയാനും, ദഫ് അറബന പഠനവും ബൈത്തുകളും, വട്ടപ്പാട്ട് പാട്ടും പറച്ചിലും എന്നിവയാണ് പുസ്തകങ്ങള്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിയാണ് ഇവ പ്രസിദ്ധീകരിച്ചത്. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളിലും യൂനിവേഴ്സിറ്റി കലോത്സവങ്ങളിലും മാപ്പിള കലകളും
മാപ്പിളപ്പാട്ടും പരിശീലിപ്പിച്ച് സമ്മാനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ബിആര്‍സി തലത്തിലും മാപ്പിളകല അക്കാദമിയിലെ പരിപാടികളിലും ക്ലാസുകള്‍ അവതരിപ്പിച്ചു. വടകര താഴപ്പള്ളി ഭാഗം ജെബി സ്്കൂള്‍ അറബിക് അധ്യാപകനും മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കല അക്കാദമിയില്‍ മാപ്പിള കല വിഭാഗം മുന്‍ അധ്യാപകനുമാണ്.
താഴെഅങ്ങാടി ടി.എന്‍ ഉമ്മര്‍ കുട്ടി ഹാജിയുടെയും ഐക്കകത്ത് കുന്നുമ്മല്‍ ബീവിയുടെയും മകനാണ് ഷഹീര്‍ വടകര. ഭാര്യ: ആമിന. മക്കള്‍: ലിയാന, മിയാസ, ഹയ.
















