
കൊയിലാണ്ടി: പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി പഠന ശിബിരം ആരംഭിച്ചു. പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തില്‍ നടക്കുന്ന പഠന
ശിബിരം പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യര്‍ ഉദ്ഘാടനം ചെയ്തു.
ഗുരു ചേമഞ്ചേരിയുടെ അനുഗ്രഹാശിസ്സുകളാണ് ഒരു ഗായിക എന്ന നിലയില്‍ ശോഭിക്കുന്നതിനുള്ള കരുത്ത് എനിക്ക് ലഭിച്ചതെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ കലാ സ്ഥാപനവും വളര്‍ന്നു വരുന്ന എല്ലാ കലാകാരന്മാര്‍ക്കും പ്രചോദനമായി മാറുന്നുവെന്നും മൃദുല വാര്യര്‍ പറഞ്ഞു. ഇത്തരം പഠന ശിബിരത്തിലൂടെ കടന്നു പോവുന്ന മുഴുവന്‍ പേര്‍ക്കും ഭാവി കലാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. അതു കൊണ്ടു തന്നെ ഈ തട്ടകത്തില്‍ ഒത്തു ചേരാന്‍ കഴിഞ്ഞ ഓരോരുത്തരും ഭാഗ്യവാന്മാരാണ്-മൃദുല
പറഞ്ഞു.
കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടന്‍ തുള്ളല്‍ എന്നിവയിലാണ് ശിബിരത്തില്‍ പരിശീലനം നല്കുന്നത്. കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, കലാമണ്ഡലം പ്രേംകുമാര്‍, കലാനിലയം ഹരി, കലാനിലയം പത്മനാഭന്‍, കലാമണ്ഡലം ശ്രീരാം, പ്രഭാകരന്‍ പുന്നശ്ശേരി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
രാവിലെ 9.30 മുതല്‍ 4.30 വരെ പരിശീലനവും 4.30 മുതല്‍ 5.30 വരെ പരിചയ സമ്പര്‍ക്ക പരിപാടികളുമാണ്. ഇതോടൊപ്പം ഏപ്രില്‍ 29, 30, മെയ് 1 തിയ്യതികളില്‍ നടക്കുന്ന കലോത്സവവും ശിബിരത്തെ ഗ്രാമത്തിന്റെ സാംസ്‌കാരികോത്സവമായി മാറ്റുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ എഴുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.
-സുധീര്‍ കൊരയങ്ങാട്
















