
വടകര: മേപ്പയില്‍ ഇരിങ്ങല്‍ പപ്പന്‍ സ്മാരക (ഐപിഎം) അക്കാദമി സംഘടിപ്പിക്കുന്ന വോളിബോള്‍ സമ്മര്‍ ക്യാംപ് ഏപ്രില്‍ 20 ന് ആരംഭിക്കും. വൈകുന്നേരം നാലിന്
അക്കാദമിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുന്‍ വോളിബോള്‍ താരവുമായ ടി.കെ. അഷറഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐപിഎം അക്കാദമിയുടെ മുന്‍ വര്‍ഷത്തെ ബാച്ചുകളില്‍ നിന്നു സംസ്ഥാന – ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച് ഈ വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം താരങ്ങളോടൊപ്പം പുതുമുഖങ്ങള്‍ക്കും അവസരം ഒരുക്കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. അഞ്ച് ആഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ പങ്കെടുക്കും. ഇവര്‍ക്ക് താമസ സൗകര്യം
ഒരുക്കിയിട്ടുണ്ട്. മുന്‍ സര്‍വീസസ് താരവും ഐപിഎം ചീഫ് കോച്ചും ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ കേരളാ ടീമിന്റെ ചീഫ് കോച്ചുമായിരുന്ന വി.എം.ഷീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രഗത്ഭ കോച്ചിങ് നിര ക്യാമ്പിന് നേതൃത്വം നല്‍കും.
2036 ഒളിമ്പിക്‌സില്‍ വടകരക്ക് ഒരു മെഡല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഐപിഎം അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ചുവടുവെപ്പെന്ന് ക്യാമ്പ് ഡയറക്ടര്‍ പ്രസാദ് പറഞ്ഞു.
കരാട്ടെ, ഫുട്‌ബോള്‍, ചെസ് എന്നിവയ്ക്കുള്ള സമ്മര്‍ ക്യാമ്പുകളും വനിതാ ഫിറ്റ്‌നസിനുള്ള പ്രത്യക പ്രോഗ്രാമുകളും തുടങ്ങിയെന്നും സെക്രട്ടറി രഞ്ജുമോന്‍ അറിയിച്ചു.
















