
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ ഇന്‍സ്റ്റന്റ് പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ
മൂന്നുപേരെ റിമാന്റ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവല്‍ (28), ഹരിയാന സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് റിമാന്റിലായത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നോയിഡയിലെത്തിയ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നിതിന്‍ രാജിന്റെ അധ്യാപികയുടെ
പരാതിയിലാണ് അറസ്റ്റ്. അടിയന്തരമായി 8000ത്തിലധികം രൂപ അടയ്ക്കണമെന്ന് ലോണ്‍ മാഫിയ സംഘം നിതിന് സന്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി താന്‍ പാവമാണെന്ന് നിതിന്‍ അയച്ച ചാറ്റും പോലീസിന് ലഭിച്ചു. ഓണ്‍ലൈന്‍ വായ്പാ സംഘം നിതിന്റെ അധ്യാപികയ്ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് അധ്യാപിക പരാതി നല്‍കി. ഇതോടെ പ്രിന്‍സിപ്പല്‍ നിതിനെ ഓഫീസിലേക്ക് വിളിപ്പിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിവയ്ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ്
നിതിന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്. ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണി സംബന്ധിച്ച അന്വേഷണത്തിന് സമാന്തരമായി നിതിന് കോളജിലെ അധ്യാപകരില്‍ നിന്ന് നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിതിന്റെ കോളജ് അധ്യാപകരായ ഡോ. എന്‍ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
















