വടകര: കനത്ത മഴയില്‍ ചോറോട് മുട്ടുങ്ങലില്‍ വെള്ളപ്പൊക്ക ഭീഷണി. ഇവിടെ താഴ്ന്ന പ്രദേശങ്ങളില്‍ അറുപതോളം വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. ദേശീയ പാതയുടെ വികസന പ്രവര്‍ത്തനമാണ് ഈയൊരു അവസ്ഥക്ക് കാരണമായി പറയുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ മതിയായ സംവിധാനമില്ലാത്തത് തിരിച്ചടിയായി.
പാതയുടെ പടിഞ്ഞാറു ഭാഗത്തെ വീടുകളാണ് ഭീഷണിയിലായത്. മുട്ടുങ്ങല്‍ സൗത്ത് യുപി സ്കൂള്‍ പരിസരം, പഞ്ചായത്ത് സ്റ്റേഡിയം ഭാഗം, വിഡിഎല്‍പി സ്കൂള്‍ പരിസരം, അമൃതാനന്ദമയീ മഠം പരിസരം എന്നിവിടങ്ങളില്‍ വെള്ളം കയറി ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ ഗതാഗതം താറുമാറായി. ദേശീയ പാത നിര്‍മാണ കമ്പനി വഗാഡ് അധികൃതരുടെ അശാസ്ത്രീയമായ പ്രവൃത്തിയാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായതെന്ന് ഇവിടത്തുകാര്‍ കുറ്റപ്പെടുത്തി. നേരത്തെ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മഴക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം ഒഴുകി പോകാത്തതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പ്, ആശ വര്‍ക്കര്‍ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി എലിപ്പനി പ്രതിരോധഗുളിക വിതരണം നടത്തിയിട്ടുണ്ട്.