നാദാപുരം: ചെറുകിട സംരംഭങ്ങൾക്കും കുടിവെള്ളത്തിനും ഊന്നൽ. വാണിമേൽ ഗ്രാമ പഞ്ചായത്തിൽ 38,08,55,838 രൂപ വരവും 37,63,91,926 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. വനിതാ ഘടക ചെറുകിട സംരംഭത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ട് 18.5 ലക്ഷം രൂപയും മലയോര മേഖലയുൾപ്പെടെയുള്ള പ്രദേശങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു 35 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. കിടപ്പാടമില്ലാത്തവർക്ക് പാർപ്പിടമൊരുക്കുന്ന ലൈഫ് മിഷൻ പദ്ധതിക്കൊപ്പം പഞ്ചായത്തും കൈകോർത്ത്
കൊണ്ട്പൊതുവിഭാഗത്തിൽ 4 കോടി രൂപയും പട്ടികജാതി-വർഗ വിഭാഗത്തിൽ 17 ലക്ഷം രൂപയും കൃഷി ഉപജീവന മാർഗമായി കാണുന്ന പ്രദേശം എന്ന നിലക്ക് 34 ലക്ഷം രൂപയും മാറ്റി വെച്ചു. മൃഗ സംരക്ഷണ മേഖലക്ക് 51.24 ലക്ഷം രൂപ വകയിരുത്തി. പട്ടിക ജാതി വികസന പദ്ധതികൾക്കായി 3.42 ലക്ഷം രൂപയും പട്ടിക വർഗ ക്ഷേമ പദ്ധതികൾക്കായി 22 ലക്ഷം രൂപയും വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ഭിന്നശേഷി ക്ഷേമത്തിനായി 24,75,000
രൂപയും പാലിയേറ്റീവ് ആരോഗ്യ പരിപാടികൾക്കായി 17,40,000 രൂപയും ശിശു വികസന പദ്ധതികൾക്കായി 51 ,00,000 രൂപയും വകയിരുത്തി. വയോജന ക്ഷേമം, ശുചിത്വം, മാലിന്യ സംസ്കരണം, സ്ട്രീറ്റ് ലൈറ്റ്, യുവജനക്ഷേമം, വിദ്യാഭ്യാസം, ആശ്രയ, റോഡ് – റോഡിതര ആസ്തി സംരക്ഷണം എന്നീ പദ്ധതികൾക്കായും ഫണ്ടുകൾ വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സൽമ രാജു ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ഫാത്തിമ കണ്ടിയിൽ, മുഫീദ തട്ടാങ്കണ്ടി, ചന്ദ്ര ബാബു മെമ്പർമാരായ എം കെ മജീദ്, വി കെ മൂസ്സ, സൂപ്പി കല്ലിൽ, ശിവറാം സി കെ, ഷൈനി എ പി, റംഷിദ് ചേരനാണ്ടി, റസാഖ് പറമ്പത്ത്, അനസ് നങ്ങാണ്ടി, ശാരദ,
ജാൻസി, മിനി കെ.പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്റഫ് കൊറ്റാല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി പ്രതീപൻ, എൻ കെ.മുത്തലിബ്, ബാലൻ മാമ്പറ്റ, ജലീൽ ചാലക്കണ്ടി എന്നിവരും വിവിധ നിർവഹണ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദൻ കെ കെ സ്വാഗതവും അക്കൗണ്ടന്റ് സുമേഷ് ടി നന്ദിയും പറഞ്ഞു.