വടകര: ഫയര്‍ & റെസ്ക്യു സര്‍വീസിന്റെ ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് 22 വയസ്.
2002 മെയ് 11 നാണ് വെള്ളികുളങ്ങരയില്‍ കിണര്‍ ഇടിഞ്ഞ് മണ്ണിനടയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ വടകര നിലയത്തിലെ മൂന്നു പേര്‍ക്ക് ജീവന് നഷ്ടമായത്.
മുക്കാല്‍ ഭാഗത്തോളം ഇടിഞ്ഞുതാണ കിണറ്റില്‍ നിന്ന് ഒരാളെ അതിസാഹസികമായി രക്ഷപ്പെടുത്തിയതിനു ശേഷം മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിനിടയിലാണ് ദുരന്തമെത്തിയത്. വീണ്ടും മണ്ണിടിഞ്ഞ് എം.ജാഫര്‍, കെ.കെ.രാജന്, ബി.അജിത് കുമാര്‍ എന്നീ ഫയര്മാന്മാര് ദുരന്തത്തിലകപ്പെടുകയായിരുന്നു.
ഈ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. സ്വന്തം ജീവനേക്കാള്‍ അപരന്റെ ജീവന് വില നല്‍കിയവരെ സേവന സന്നദ്ധതക്കിടെ മരണം തട്ടിയെടുക്കുകയായിരുന്നു.
ശനിയാഴ്ച ഫയര്‍ സര്‍വീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുസ്മരണം നടക്കും. വൈകീട്ട് വടകര നിലയം പരിസരത്ത് മേഖലാ തല വോളിബോള്‍ മത്സരം നടക്കും.