കൊയിലാണ്ടി: പോലീസിന്റെ അലംഭാവം കാരണം വിവാദമായ മണിയൂര്‍ പോക്സോ കേസിലെ പ്രതി വടകര ബാങ്ക് റോഡ് ചങ്ങരോത്ത് അബ്ദുള്‍ റഫീഖ് (48) പൊലീസ് പിടിയില്‍.
വാഹനത്തില്‍ വരുമ്പോള്‍ ചെങ്ങോട്ടുകാവില്‍ വെച്ചാണ് കേസന്വേഷിക്കുന്ന ഡിവൈഎസ്പി എന്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പയ്യോളി, കൊയിലാണ്ടി പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജാമ്യം റദ്ദ് ചെയ്ത വിധിയിലെ സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷം വടകര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച
സംഭവം. പരാതിയില്‍ 2026 ജനുവരി 16-ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും നടപടിയുണ്ടായില്ല. സപ്തംബറില്‍ നാട്ടിലെത്തിയ പ്രതി കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കേസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. പ്രതിയുടെ വീട്ടിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. ഇതിനു
പിന്നാലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതില്‍ ഫലപ്രദമായ നടപടി കൈക്കൊള്ളാത്തതിന് പയ്യോളി സിഐയെയും സിപിഒവിനെയും സസ്പെന്റ് ചെയ്തു. പോലീസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഒക്ടോബര്‍ 24ന് കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇയാള്‍ വീണ്ടും ഒളിവില്‍ പോയി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങുകയായിരുന്നു.
ഇതിനിടെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തുള്ള കൊയിലാണ്ടി കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് പ്രതിയെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
-സുധീര്‍ കൊരയങ്ങാട്
















