കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നടപടികള്‍ ഫലപ്രദമല്ലെന്നും തുടക്കം
മുതല്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന തോന്നല്‍ കുടുംബത്തിന് ഉണ്ടായെന്നും പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്കി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ ചിത എരിയുന്നതിന് മുന്‍പ് ചില പ്രത്യക്ഷ നടപടികള്‍ കുടുംബത്തിന് സ്വീകരിക്കേണ്ടി വന്നു. നിയമസഭയില്‍ വിവരം ഉന്നയിച്ചുവെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നുമാണ് സഭയില്‍ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ നടപടികള്‍ മെല്ലെ പോവുകയാണെന്ന് കുടുംബത്തിന് തോന്നുകയാണ്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും നീതി ലഭിക്കുന്നില്ലായെന്നാണ് തങ്ങള്‍ക്ക് തോന്നുന്നതെന്ന് കുടുംബം എന്നോട് പറഞ്ഞു’. ‘നിയമമറിയാവുന്ന ജഡ്ജിയുടെ പിന്തുണ പ്രതിക്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. സമ്പന്നര്‍ക്ക് എന്തുമാകാമെന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. കൊടും ക്രൂരകൃത്യം ചെയ്ത ഒരാളെ 17 വയസേയുള്ളു എന്ന പേരില്‍ സംരക്ഷിക്കുകയാണെന്ന തോന്നല്‍ സമൂഹത്തിന് ഉണ്ട്. ഇവര്‍ക്ക് കുട്ടികളെന്ന പരിഗണന കൊടുക്കാനാകില്ല. നിയമത്തില്‍ മാറ്റം വരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്നും’ പിണറായി വിജയന് പറഞ്ഞു.















