
കൊയിലാണ്ടി: ഹോട്ടലില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യമില്ലാത്തതില്‍ പ്രതിഷേധിച്ച് യുവാവ് കുത്തിയിരിപ്പ് നടത്തി. കൊല്ലം ചിറയ്ക്ക് സമീപത്തെ ഫോര്‍ ഒ
ക്ലോക്ക് ഹോട്ടലിനു മുന്നിലാണ് കൊല്ലം സ്വദേശി അശ്വിന് ബാബു കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ തനിക്ക് റാമ്പ് സൗകര്യമില്ലാത്തതിനാല്‍ ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്ന് അശ്വിന് ബാബു പറഞ്ഞു. തുടര്‍ന്ന് താന്‍ എത്തിയ കാറിലേക്ക് ചായ എത്തിച്ചുനല്കാന് ആവശ്യപ്പെട്ടെങ്കിലും ഹോട്ടലിലെ തിരക്ക് കാരണം പുറത്തേക്ക് ചായ നല്കാന് ബുദ്ധിമുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഹോട്ടല്‍ നടത്തിപ്പുകാരുമായി
തര്‍ക്കമുണ്ടായതും തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതും.
സമരത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 25നകം ഹോട്ടലില്‍ റാമ്പ് ഉള്‍പ്പെടെയുള്ള ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ബാത്ത്റൂം സംവിധാനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് അശ്വിന് ബാബു പ്രതിഷേധസമരം അവസാനിപ്പിച്ചത്.
















