തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം കണക്കിലെടുത്ത്
ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മലാക്ക കടലിടുക്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത
പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യവടക്കന്‍ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ പാത്തി ഉള്‍നാടന്‍ തമിഴ്നാട്, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മിതമായ മഴ കിട്ടുമെന്ന പ്രവചനം.
















