മാഹി: മാതാപിതാക്കളോടൊപ്പം മാഹി പള്ളിയില്‍ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ നാദാപുരം സ്വദേശിയായ മൂന്നു
വയസ്സുകാരിയുടെ സ്വര്‍ണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയില്‍. കോട്ടയം സ്വദേശി ഷിഹാബാണ് മാഹി പോലീസിന്റെ പിടിയിലായത്. കല്ലാച്ചിയിലെ കുറ്റേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണ വളയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് അഭിരാമും കുടുംബവും മാഹി പള്ളിയില്‍ എത്തിയത്. രാത്രി ഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുമ്പോള്‍ നല്ല തിരക്കായിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒരാള്‍ വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്. ബന്ധുവായ സിദ്ധാര്‍ഥ് കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ഫോട്ടോയിലുള്ള ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ അടുത്ത് നിന്ന് പെരുമാറിയതായി അമ്മയും പറഞ്ഞു. തുടര്‍ന്ന് പള്ളി ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടന്‍ മാഹി പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
പെരിങ്ങത്തൂര്‍ കുറിച്ചിക്കരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് പ്രതിയെ മാഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി ഇന്ന് രാവിലെ പള്ളിയില്‍ എത്തി തെളിവെടുപ്പ് നടത്തി.















