വടകര: ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ മുബാറക് മുഹമ്മദ് ആഗോളതലത്തില്‍ ശ്രദ്ധേയമായ സിഐഒ 200 ഗ്രാന്റ് ഫിനാലെ 2026 പുരസ്‌കാരത്തില്‍ വിജയിയായി. ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടെക് നേതാക്കള്‍ക്കൊപ്പം അദ്ദേഹം ട്രോഫി ഏറ്റുവാങ്ങി. 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ടെക് നേതാക്കളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പ്രമുഖ ടെക് നേതാക്കളെഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് ഫിനാലെ സംഘടിപ്പിച്ചത്. ഈ ആഗോള അംഗീകാരം നാടിന് അഭിമാനമായി. ഗള്‍ഫ് മേഖലയിലെ പ്രമുഖ ടെലികോം റെഗുലേറ്ററി സ്ഥാപനമായ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മുബാറക്, ഐസിടി പോളിസി, ടെലികോം റഗുലേഷന്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, എഐ പ്രൊജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജന്‍സിയായ ഐടിയു ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം വിവിധ ടെക്‌പോളിസി ചര്‍ച്ചകളിലും സജീവമാണ്. ആയഞ്ചേരി തറോപ്പൊയില്‍ അഹമ്മദിന്റെയും സുബൈദയുടെയും മകനാണ് മുബാറക് മുഹമ്മദ്. ഭാര്യ: ഷെഫ്‌നി (അരീക്കോട്). റീസ്, ഷിസ, മില എന്നിവര്‍ മക്കളാണ്.















