
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ജന്തര്‍മന്തര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വ്യാപക അറസ്റ്റും തടങ്കലും. സിപിഎം രാജ്യസാഭാ കക്ഷി
നേതാവ് ജോണ്‍ ബ്രിട്ടാസിനെ കേന്ദ്ര സേന വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മാധ്യമങ്ങളോട് സംസാരിക്കവെ നൂറോളം പൊലീസുകാര്‍ വളഞ്ഞാണ് ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ ക്രൂരമര്‍ദനമാണ് എംപിക്ക് നേരെയുണ്ടായത്. അവശനായ ബ്രിട്ടാസിനെ വാഹനത്തില്‍ നിന്ന് തള്ളി വിടുകയായിരുന്നു. റോഡില്‍ നിന്ന് എംപിയെ ഓട്ടോയിലേക്ക് തള്ളി വിടുന്ന വീഡിയോയും പുറത്തു വന്നു.
അഞ്ച് സിആര്‍പിഎഫുകാര്‍ പോലീസ് വാഹനത്തില്‍ പിടിച്ചിരുത്തിയെന്നും വാ പൊത്തി പിടിച്ച് മര്‍ദിച്ചെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വാഹനത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി ഉള്ളത് കൊണ്ട് മാത്രമാണ് താന്‍ ജീവനോടെ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
രാവിലെ ഡല്‍ഹി കൊണാട്ട് പ്ലേസില്‍ സമരം
വിദ്യാര്‍ഥി-യുവജന പ്രതിഷേധത്തെ പൊലീസ് തല്ലിച്ചതച്ചിരുന്നു. എസ്എഫ്‌ഐ, എഐഎസ്എഫ്, ഡിവൈഎഫ്‌ഐ, സിജെപി പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിനെതിരെ ഡല്‍ഹി പൊലീസ് ആക്രണം അഴിച്ച് വിടുകയായിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിനെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമരക്കാരെ ഇടിവണ്ടിയിലിട്ട് പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ നിരവധി പേര്‍ക്ക് ബോധം നഷ്ടപ്പെട്ടു.
















