
റിയാദ്: കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ 12പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ. ആക്രമണത്തില്‍
309 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമേഷ്യയില്‍ ഫെബ്രുവരിയില്‍ ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം സൗദിക്കുനേരെ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്.
മരിച്ചവരില്‍ നാലുപേര്‍ സൗദി പൗരന്മാരും രണ്ടുപേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. അമേരിക്ക, ജോര്‍ദാന്‍, പാലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടുദിവസം മുമ്പ് റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി ആക്രമണത്തിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. സൗദി
സഖ്യ രാജ്യങ്ങൾ ഹൂതികൾക്കെതിരെ ആക്രമണം നടത്തിയതിന്റെ തുടർച്ചയായി ഈയാഴ്ച നിരവധി തവണ റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഒടുവിലത്തെ ആക്രമണത്തില്‍ വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെര്‍മിനലിനു നേരെ നടന്ന ആക്രമണത്തില്‍ സാധാരണ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ജീവഹാനിയും പരിക്കുകളും സംഭവിച്ചതായി സൈനിക സഖ്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. റിയാദിന് പിന്നാലെ ദമ്മാമ്മിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും
ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണം നടത്തിയതായാണ് വിവരം. വിമാനത്താവളത്തിന് സമീപത്തേക്ക് പോകരുതെന്ന് സൗദിയിലെ വിദേശകാര്യ എംബസികള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുവരെ പ്രദേശം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും പൗരന്മാരോട് ആവശ്യപ്പെട്ടു. സുരക്ഷ കണക്കിലെടുത്ത് കുവൈത്ത് എയര്‍വേഴ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ റിയാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.
















