വടകര: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ പിണറായി വിജയന്‍, മകള്‍ ടി.വീണ, മരുമകന്‍ പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്
കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും പിണറായിയെ പുറത്താക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ മൂവരും കുറ്റക്കാരാണെന്ന് കണ്ടത് കൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് നിയോഗിച്ച എസ്‌ഐടി കോടതി പിരിച്ചുവിട്ടത്. ഇ.ഡി നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ചതല്ലെന്ന്
കോടതിക്ക് ബോധ്യമായതിനാലാണ് എസ്‌ഐടി വേണ്ടെന്ന് കോടതി തീരുമാനിച്ചത്. ഇക്കാര്യം ബോധ്യമാകാത്തത് സിപിഎമ്മിന് മാത്രമാണ്. ഭരണത്തിന്റെ സൗകര്യം ഉപയോഗിച്ച് മകള്‍ക്ക് കമ്പനി തുടങ്ങാനും മരുമകന് ഹവാലപ്പണം കടത്താനും മാസപ്പടി വാങ്ങാനും തയ്യാറായ പിണറായി വിജയന് കമ്യൂണിസ്റ്റാണെന്ന് പറയാന്‍ അര്‍ഹതയില്ലെന്ന് എന്‍.വേണു കുറ്റപ്പെടുത്തി.















