തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ പ്രവര്‍ത്തിച്ച കാലത്ത്
അഴിമതി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. പരാതിയില്‍ തുടര്‍ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. മുന്‍കാല അന്വേഷണങ്ങള്‍ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് പരാതിക്കാരന് ആരോപിച്ചിരിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരെ മലയന്‍കീഴ് വേണുഗോപാലാണ് പരാതി നല്‍കിയത്. ഗ്യാനേഷിനെതിരായ എല്ലാ വിജിലന്‍സ് കേസുകളും തുടരന്വേഷിക്കണമെന്നാണ് പരാതി. മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യയും അന്വേഷിക്കും. ആത്മഹത്യാക്കുറിപ്പില്‍
ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. കെഎസ്ടിപി പ്രൊജക്റ്റ് അഴിമതിയില്‍ തുടരന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ തലത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭ പരമ്പര അരങ്ങേറുന്നതിനെടയാണ് സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് സംസ്ഥാനത്ത് നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഫയലാണ് ആഭ്യന്തര വകുപ്പ് വീണ്ടും പൊടി തട്ടി എടുക്കുന്നത്. മലേഷ്യന്‍ എഞ്ചിനിയറുടെ ആത്മഹത്യയില്‍ 2006ല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോള്‍ തേടുന്നത്.
















