തിരുവനന്തപുരം: ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിന്‍വലിച്ചേക്കുമെന്ന് സൂചന. രാജി പ്രഖ്യാപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശം
ഇവര്‍ ഡിലീറ്റ് ചെയ്തു. ബിജെപി നേതൃത്വത്തിന്റെ ശക്തമായ അനുനയ നീക്കങ്ങളെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റമെന്നാണ് വിവരം. നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിക്കുന്നത് തടയാനാണ് ബിജെപി നേതൃത്വം നിലവില്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ആര്‍. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
നേരത്തെ മേയര്‍ക്ക് രാജി സമര്‍പ്പിച്ചെങ്കിലും നഗരസഭ സെക്രട്ടറിക്ക് രാജി കത്ത് നല്‍കിയിരുന്നില്ല. ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോര്‍പ്പറേഷന്‍
കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രാജിവച്ചെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബര്‍ 30-നാണ് താന്‍ സ്വകാര്യ കാരണങ്ങളാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നതായി മേയര്‍ വി.വി. രാജേഷിന് കത്ത് നല്‍കിയതെന്നും അതിന്റെ പകര്‍പ്പ് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും ഇന്നലെയാണ് ശാസ്തമംഗലം വാര്‍ഡ് ഗ്രൂപ്പില്‍ അവര്‍ സന്ദേശമയച്ചത്. പ്രദേശവാസികള്‍ നല്‍കിയ പിന്തുണക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശം.
















