
കൊച്ചി: മന്ത്രി കെ എം ഷാജി ഔദ്യോഗിക ആവശ്യത്തിനായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ കാർ ഉപയോഗിച്ചതിനെതിരെ സർക്കാരിനും മോട്ടോർ വാഹന
കമ്മീഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർ പദവി ദുരുപയോഗം ചെയ്യുകയും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നതുമാണ് പരാതിയിലെ ആരോപണം. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാർ ഉപയോഗിച്ചത് വിവാദമായതോടെ മന്ത്രി കാർ തിരിച്ചേൽപ്പിച്ചിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് ഉപയോഗിച്ചത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മന്ത്രി വാഹനം ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു.
റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കെ എം ഷാജി വിവാദത്തോട് പ്രതികരിച്ചത്. മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയശേഷമാണ്. കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല.ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും ഷാജി പ്രതികരിച്ചു.
















