തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇഡിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ മന്ത്രി
പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയശേഷമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
നേരത്തെ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ
ആരോപണമടക്കം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തി അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരെ ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തിയിരുന്നു.
കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് സംസ്ഥാന പൊലിസ് മേധാവി തീരുമാനിക്കും. ഹവാലാ ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കേണ്ടതുള്ളതിനാല്‍ വിജിലന്‍സ് എടിഎസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പരിശോധനയും വേണ്ടി വന്നേക്കാം.
















