
പട്ടാമ്പി: ഓടിക്കൊണ്ടിരിക്കെ പട്ടാമ്പിയിൽ കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തീ പടരുന്നത്
ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് ഉടൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. പെരിന്തൽമണ്ണയിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്.
പട്ടാമ്പിയിലെത്തിയപ്പോൾ ബസിന്റെ മുൻവശത്ത് തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബസ് ഉടൻ നിർത്തിയതിനുശേഷം എല്ലാ
യാത്രക്കാരോടും ചാടിയിറങ്ങാൻ പറഞ്ഞു. യാത്രക്കാർ ഉറങ്ങുകയായിരുന്ന സമയത്താണ് അപകടമുണ്ടായത്.
അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും കത്തി. പട്ടാമ്പി പൊലീസും അഗ്നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
















