വടകര: പേരാമ്പ്രയിലെ അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന്
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ആശങ്കാജനകവും അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫില്‍ വ്യക്തമാക്കി. വിഷയം ആഭ്യന്തരമന്ത്രിയുടെയും റൂറല്‍ എസ്പിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് സാധിക്കാത്തതാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. അധ്യാപകര്‍ തന്നെ ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നത് സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷന്‍ തൂഫാന്‍’ മുന്നോട്ടുപോകുമ്പോള്‍, ഇത്തരം വീഴ്ചകള്‍ ആ നടപടിയുടെ വിജയത്തെയും വിശ്വാസ്യതയെയും മങ്ങലേല്‍പ്പിക്കും. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളായ അധ്യാപകരുടെ വിദേശയാത്രകളിലും ബിആര്‍സിയിലെ സര്‍വീസ് ചട്ടങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഇവര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍
ഒത്താശ ചെയ്തത് ആരാണെന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം. വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വിജിലന്‍സും ഇതില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ ഏറെ വിവാദമായ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസിലെ അന്വേഷണം നിലച്ച മട്ടാണെന്നും ദുല്‍ഖിഫില്‍ ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. നിരപരാധിയായ ഒരു യുവാവിനെ വര്‍ഗീയവാദിയാക്കാന്‍ സിപിഎം നടത്തിയ ഹീനമായ നീക്കമാണിത്. കേസിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്നും ഇക്കാര്യത്തിലും ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















