മുയിപ്പോത്ത്: കഴിഞ്ഞ ദിവസം കുറ്റ്യാടി പുഴയില്‍ ചാടിയ യുവാവിനെ സ്വജീവന്‍ മറന്ന് അതിസാഹസികമായി രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് മുയിപ്പോത്തിന്റെ ആദരം. ആ
യുവാവിനെ ഏത് വിധേനയും രക്ഷിക്കണമെന്ന ചിന്തയുമായി ഉടന്‍ പുഴയിലേക്ക് ചാടിയ കോട്ടോന്‍ നിധിനേയും നിടുക്കുനി പ്രജീഷിനേയും മുയിപ്പോത്ത് പൗരസമിതി ആദരിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.രാമകൃഷ്ണന്‍, ചെറുവണ്ണൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ എന്നിവര്‍ കൈകോര്‍ത്ത് നടത്തിയ ആദരിക്കല്‍ ചടങ്ങ് നാടിന്റെ നന്മയുടെ വിളംബരമായി. മുയിപ്പോത്ത് ടൗണില്‍ നടന്ന പരിപാടിയില്‍ പൗരസമിതി പ്രസിഡന്റ് സി.എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രാഗേഷ് മഠത്തില്‍, കെ.പി.അരവിന്ദാക്ഷന്‍, ഇ.കെ.സുബൈദ, സ്വപ്ന ഒതയോത്ത്, മുയിപ്പോത്ത് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.കെ.നസീമ, വ്യാപാരി ഏകോപന സമിതി സെക്രട്ടറി പി.കുഞ്ഞമ്മദ്, വ്യാപാര വ്യവസായി സമിതി നേതാവ് ഇ.പി.കിഷോര്‍, ഇ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ നിധിനും പ്രജീഷും മറുമൊഴി നല്‍കി. സെക്രട്ടറി കെ.വി.പ്രേമന്‍ സ്വാഗതവും ഖജാന്‍ജി എ.കെ.സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.















