
കുറ്റാടി: മുണ്ടക്കുറ്റിയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള 15 തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ റിമാന്റിലായി.
മരുതോങ്കര സ്വദേശികളായ കോറ്റോത്തുമ്മല്‍ ബാബു (35), കുനിയില്‍ ദിനേശന്‍ (47), വീട്ടിയുള്ള പറമ്പത്ത് വിപീഷ് (39), മൊയിലോത്തറ തമിഞ്ഞീമ്മല്‍ ബിജീഷ് (42), നെടുമണ്ണില്‍ അനീഷ് (40) എന്നിവരെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ബാബു, ദിനേശന്‍, വിപീഷ് എന്നിവരെ വയനാട്ടില്‍നിന്നും ബിജീഷ്, അനീഷ് എന്നിവരെ വീട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജലസേചനവകുപ്പിന്റെ സ്ഥലത്ത് വോളിബോള്‍ കോര്‍ട്ട് ഒരുക്കാനായി സ്ഥലം നിര
പ്പാക്കാന്‍വേണ്ടിയാണ് മരം മുറിച്ചതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. മുറിച്ചിട്ട മരം ഇവിടെയിട്ടാല്‍ പ്രശ്‌നമാകുമെന്ന് കണ്ടാണ് വലിയ കഷണങ്ങളാക്കി വിറ്റത്. വിറ്റുകിട്ടുന്ന പണംകൊണ്ട് കോര്‍ട്ടൊരുക്കാന്‍ ലക്ഷ്യമിട്ടതായും പറയുന്നു. കുറ്റ്യാടിയിലാണ് 13,000 രൂപയ്ക്ക് മരം വിറ്റതെന്നും പോലീസ് പറഞ്ഞു. മരംവിറ്റ സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ഇവര്‍ നല്‍കിയ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നടന്നത് മോഷണമാണോ എന്ന് പറയാറായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ്
പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് അനധികൃതമായി മരം മുറിച്ചുകടത്തിയതിനാണ് കേസ്. പയ്യോളി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ അഞ്ചു പേരെയും റിമാന്റ് ചെയ്തു. കുറ്റ്യാടി ജലസേ ചനപദ്ധതിയുടെ അധീനതയിലുള്ള കനാല്‍ പരിസരത്തെ 20 വര്‍ഷത്തോളം പഴക്കമുള്ള തേക്കു മരങ്ങളാണ് മുറിച്ചത്. മുറിച്ച തേക്കിന്റെ കുറച്ചു കഷണങ്ങള്‍ സ്ഥലത്തുതന്നെയുണ്ട്.
മരങ്ങള്‍ മുറിച്ച ആള്‍, ജെഡിബി ഡ്രൈവര്‍ എന്നിവരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. സാമൂഹികവനവത്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാന്‍ നട്ടുപിടിപ്പിച്ച പാഴ് മരങ്ങളും മുറിച്ചതില്‍പ്പെടും.
















