
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്റെ പരിധിയിലുള്ള മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഏകപക്ഷീയമായ
തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഷാഫി പറമ്പില്‍ എംപി. പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും ഭാവി വികസനത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗസ്റ്റ് 21 ന് റെയില്‍വേ ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (No. 2025/E&R/1(3)/1,) മംഗലാപുരം മുതല്‍ ഉള്ളാള്‍ വരെയുള്ള പ്രദേശം പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ (SWR) മൈസൂരു ഡിവിഷന് കൈമാറാനാണ് തീരുമാനം. 2026 ഒക്ടോബര്‍ 1 മുതല്‍ ഈ വിഭജനം പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മംഗലാപുരം മേഖലയെ വെട്ടിമുറിച്ച് മാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. ഈ വഞ്ചനാപരമായ നടപടിയിലൂടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകും. ഇത് വരുംനാളുകളില്‍
ഡിവിഷന് കീഴില്‍ നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെയും അടിസ്ഥാന സൗകര്യ വികസനങ്ങളെയും സാരമായി ബാധിക്കും. ഡിവിഷനെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനും അതിന്റെ പ്രാധാന്യം കുറയ്ക്കാനുമുള്ള റെയില്‍വേയുടെ വിഭാഗീയ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇവിടെ ജോലി ചെയ്യുന്ന നൂറു കണക്കിന് മലയാളി ജീവനക്കാര്‍ക്കും ഈ നീക്കം തിരിച്ചടിയാകും. പാലക്കാട് ഡിവിഷന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കും വരുംനാളുകളിലെ വിഭജനത്തിനും വഴിതെളിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും നിയമപരമായ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്നും ജനപ്രതിനിധികളെയും ജനങ്ങളെയും അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും ഷാഫി പറമ്പില്‍ എംപി അറിയിച്ചു.















