
തിരുവള്ളൂര്‍: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം യുക്തിസഹമല്ലാത്ത കാരണം പറഞ്ഞ് നിര്‍ത്തിവെച്ച പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ്
ജനപ്രതിനിധികള്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. വെളളിയാഴ്ച രാവിലെ 11 മണിയോടെ ജനപ്രതിനിധികള്‍ മീറ്റിങ്ങ് ഹാളില്‍ പ്രവേശിച്ച് ഹാജര്‍ രേഖപ്പെടുത്തിയശേഷം പുതുതായി ചുമതലയേറ്റ സെക്രട്ടറി പ്രസിഡന്റിനെ യോഗ നടപടികള്‍ നിയന്ത്രിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ നിയമപരമായ തടസ്സം ഉള്ളതിനാല്‍ യോഗം തുടരാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞതോടെ സിപിഎം അംഗങ്ങള്‍ പുറത്തിറങ്ങുകയായിരുന്നു. നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷം ഭരണ സമിതിയോഗം ഏകപക്ഷീയമായി നിര്‍ത്തിവെച്ച പ്രസിഡന്റിന്റെ നടപടി പഞ്ചായത്തീരാജ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ ആരോപിച്ചു. ധര്‍ണ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. ഡി.പ്രജീഷ് അധ്യക്ഷം വഹിച്ചു. പാലൂന്നി മൊയതു ,ബവിത്ത് മലോല്‍, മലയില്‍ റഫീഖ്, സബിത മണക്കുനി, ശ്രീജിത്ത് എടത്തട്ട, കണ്ണോത്ത് സൂപ്പി ഹാജി പ്രസംഗിച്ചു.















