കൊയിലാണ്ടി: ചേമഞ്ചേരിയുടെ സമര ജീവിത ചരിത്രം പുതിയ തലമുറക്ക് കൈമാറുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് ചേമഞ്ചേരി
പ്രദേശത്തുകാരോടൊപ്പം ഉണ്ടാകുമെന്നും കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ. 1992ല്‍ സ്ഥാപിച്ച ക്വിറ്റ് ഇന്ത്യാ സമര സ്മാരക സ്തൂപം ദേശീയപാത വികസനത്തിന്റെ ഭാഗമായി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപീകരിച്ച സ്തൂപ പുനര്‍ നിര്‍മാണകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ നടന്ന പ്രദേശമാണ് ചേമഞ്ചേരി. അതിന്റെ ഭാഗമായി ബ്രിട്ടീഷ് പോലീസിന്റെ ഭീകരവേട്ടയാടലുകള്‍ക്ക് വിധേയരായവരാണ് ഈ പ്രദേശത്തുകാര്‍. 1942 ആഗസ്ത് 19 ന് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഒറ്റരാത്രി കൊണ്ടാണ് ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ്, ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍, തിരുവങ്ങൂര്‍ അംശകച്ചേരി, തിരുവങ്ങൂര്‍ ട്രെയിന്‍ ഹാള്‍ട്ട് എന്നിവ അഗ്‌നിക്കിരയാക്കിയത്. സ്വാതന്ത്ര്യസമര സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നിരോധിക്കപ്പെട്ട സ്വതന്ത്ര ഭാരതം എന്ന പത്രം ഇവിടെ നിന്നായിരുന്നു രഹസ്യമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. 2027 ജനുവരി 26 ന് സ്തൂപനിര്‍മാണം പൂര്‍ത്തിയാക്കി നാടിന്
സമര്‍പ്പിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു. യു.കെ.രാഘവന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. രാജശ്രി.കെ.ബി പ്രാര്‍ഥനാ ഗീതം ചൊല്ലി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അജയ് ബോസ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ ദാസ്, ഗ്രാമപഞ്ചായത്ത് അംഗം ഗീത കുറ്റിച്ചണ്ടി, കെ.ശ്രീനിവാസന്‍, ഷബീര്‍ എളവനക്കണ്ടി, കെ.പ്രദീപന്‍, സജീവ് കുമാര്‍, ആലിക്കോയ ഹിദായത്ത്, അവിണേരി ശങ്കരന്‍, അജീഷ് പൂക്കാട്, ഉണ്ണികൃഷ്ണന്‍ തിരൂളി, ശിവദാസ് കാരോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുനര്‍ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.ടി.വിനോദ് സ്വാഗതവും പുനര്‍നിര്‍മാണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സത്യനാഥ് മാടഞ്ചേരി നന്ദിയും പറഞ്ഞു.















