
വടകര: വടകരയിലെ ആദ്യത്തെ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി സ്റ്റുഡിയോ ഞായറാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന്
നാരായണനഗരം പെട്രോൾ പമ്പിന് സമീപം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശശി ഉദ്ഘാടനം ചെയ്യും. മാനസിക ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സംഗീതത്തിന്റെയും നൃത്തത്തിന്റെയും സാന്നിധ്യത്തില്‍ ശരീരചലനങ്ങളെ താളാത്മകമാക്കുന്നതാണ് ചികിത്സാസഹായ രീതി. മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ജീവിതശൈലി രോഗങ്ങളില്‍ നിന്നും പ്രതിരോധം തീര്‍ത്ത് സാമൂഹ്യ കൂട്ടായ്മയിലൂടെ ദൈനംദിന ജീവിതം സന്തോഷകരമാക്കുക എന്നതാണ് ഈ സമ്പ്രദായത്തിലൂടെ സാധ്യമാക്കുന്നത്. ഇതോടൊപ്പം ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കും ആരംഭിക്കുന്നുണ്ട്. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഷൈനി ക്ലിനിക് ഉദ്ഘാടനം
ചെയ്യും. സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ സതീശന്‍ അധ്യക്ഷനാവും. ഡോ. അനുനന്ദന വിശദീകരണം നടത്തും. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, ലിസി മുരളീധരന്‍, ഇ വി വത്സന്‍, പ്രേംകുമാര്‍ വടകര, ഡോ. ഹരിദാസ്, ഡോ. വി.പി. ഗിരീഷ് ബാബു എന്നിവരെ ആദരിക്കും. ചരിത്രകാരന്‍ പി. ഹരീന്ദ്രനാഥ് ആദരവ് സമര്‍പ്പിക്കും. മേമുണ്ട എച്ച്എസ്എസ് മ്യൂസിക് ക്ലബ്ബിന്റെ സംഗീതസദസും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്‍, ടി. സുരേഷ് ബാബു, ഡോ. എസ്.എസ്.അനുനന്ദന, കെ. പ്രേമചന്ദ്രന്‍, പി. അനുലാല്‍ എന്നിവര്‍ പങ്കെടുത്തു.
















