
കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29)
കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടും ശുപാർശയും പരിഗണിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ
കഴിയുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാൽ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ നിർദ്ദേശം.
















