ആയഞ്ചേരി: റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയഞ്ചേരിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘എന്റെ വീട് ലഹരിമുക്ത കുടുംബം’ പദ്ധതിയുടെ ഭാഗമായി വിമുക്തി കേഡറ്റ്
അംഗങ്ങളായ എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് കുടുംബസന്ദര്‍ശനം സംഘടിപ്പിക്കുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം വീട്ടില്‍ തന്നെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വീടുകളിലും ‘വിജയ കോര്‍ണര്‍’ സജ്ജീകരിച്ചിട്ടുണ്ട്. ദൈനംദിന പഠന സമയക്രമം, രക്ഷിതാവും വിദ്യാര്‍ഥിയും തമ്മിലുള്ള പഠന ഉടമ്പടി, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ വിജയ കോര്‍ണറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബസന്ദര്‍ശനത്തിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ വിജയസന്ദേശം വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറുകയും രക്ഷിതാക്കള്‍ സന്ദേശം വായിക്കുകയും ചെയ്യും. വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും പരീക്ഷാ വിജയത്തിന കുടുംബത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനും ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായകമാകും. സിജീഷ് സീമാലയത്തില്‍ നടന്ന കുടുംബസന്ദര്‍ശന പരിപാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അപര്‍ണ.കെ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ.അസീസ് അധ്യക്ഷത വഹിച്ചു. മിഥുന്‍ പദ്ധതി അവതരിപ്പിച്ചു. ഫായിസ്.കെ.പി, ഇക്ബാല്‍.ടി.കെ, കുഞ്ഞിക്കണ്ണന്‍.ജി.കെ എന്നിവര്‍ സംസാരിച്ചു.















