വടകര: കോവിഡ് കാലത്ത് നാദാപുരംറോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ എല്ലാ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ലക്ഷ്യം റെസിഡന്റ്‌സ്
അസോസിയേഷന്‍ ഭാരവാഹികള്‍ ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനത്ത് ചെന്ന് നിവേദനം നല്‍കി. ചെന്നൈയില്‍ റെയില്‍വേ ജനറല്‍ മാനേജരുടെ ഓഫീസിലെത്തി അഡിഷണല്‍ ജനറല്‍ മാനേജര്‍ വശം നിവേദനം സമര്‍പ്പിച്ചു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കണ്ണൂര്‍ എക്‌സ്പ്രസ് (16608), തൃശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16609), മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16623), ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന കോയമ്പത്തൂര്‍ എക്‌സ്പ്രസ് (16607), (16324), കണ്ണൂര്‍കോഴിക്കോട് എക്‌സ്പ്രസ് (56632) എന്നിവയാണ് നാദാപുരംറോഡില്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കപ്പെടാത്ത ട്രെയിനുകള്‍. ഇവക്ക് വീണ്ടും സ്റ്റോപ്പ് വേണമെന്ന ആവശ്യമാണ് നിവേദനത്തില്‍ ഉന്നയിച്ചത്. ലക്ഷ്യം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് കരിയാട്ട്, സെക്രട്ടറി ജയരാജ് ശ്രീലകം, ട്രഷറര്‍ ശ്രീജേഷ്.കെ.എം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജിനീഷ്.ഒ.വി, വിനീത് കുമാര്‍.കെ. എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.















