വടകര: ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ മാനുഷിക പരിഗണ വേണമെന്നും പ്രതികാര ബുദ്ധിയോടെയുള്ള സ്ഥലം മാറ്റങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും സിപിഎം കേന്ദ്ര
കമ്മിറ്റി അംഗം കെ.കെ.ശൈലജ പറഞ്ഞു. അന്യായമായി സ്ഥലം മാറ്റിയ മനോവിഷമത്തില്‍ കുഴഞ്ഞു വീണു മരിച്ച മേപ്പയില്‍ ശ്രീസ്ഥയില്‍ ആര്‍.ദീപലേഖയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഏവര്‍ക്കും പ്രിയപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു ദീപ ലേഖ. അപകടം മൂലമുണ്ടായ ശാരീരിക പ്രയാസത്തെ തുടര്‍ന്ന് സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ടിട്ടും ദൂര സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. സ്ഥലമാറ്റങ്ങള്‍ മാനുഷിക പരിഗണ കൂടി കണക്കിലെടുത്താവണം. പ്രതികാര നടപടി പോലെയുള്ള സ്ഥലം മാറ്റങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഒരു ഗവണ്‍മെന്റും ഇങ്ങനെ ചെയ്തിട്ടില്ല. സര്‍ക്കാര്‍ മാറുമ്പോള്‍ സ്ഥലം മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവിടെ പ്രതികാര നടപടി പോലെ തലങ്ങും വിലങ്ങും മനുഷ്യരെ മാറ്റുകയാണ്. മൂന്നു മരണങ്ങള്‍ കേരളത്തില്‍ ഇത്തരം സ്ഥലം മാറ്റത്തിന്റ ഭാഗമായി ഉണ്ടായി. ഏതെങ്കിലും സംഘടനയുടെ ആളാണെങ്കില്‍ അവരെ തെക്ക് വടക്ക് ഓടിക്കുന്ന സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. ഇത്തരം സമീപം സര്‍ക്കാര്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പുഷ്പജ, ജില്ലാ കമ്മിറ്റി അംഗം പി.എം.ലീന എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















