
തിരുവള്ളൂര്‍: കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ വികസന പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലും മാറ്റം ആവശ്യമാണെന്നു മുന്‍ എംഎല്‍എയും
കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അനില്‍ അക്കരെ അഭിപ്രായപ്പെട്ടു. പുതിയകാല ഭരണ നിര്‍വഹണത്തില്‍ കക്ഷിരാഷ്ടീയ ആശയങ്ങള്‍ക്കൊപ്പം കാലാവസ്ഥയും പരിസ്ഥിതിയും ഗൗരവമായി പരിഗണിക്കപ്പെടണം. അടിസ്ഥാനസൗകര്യവികസനത്തിന് കൊടുക്കുന്ന പരിഗണന പ്രകൃതിയുടെ തനത് ആവാസ വ്യവസ്ഥ സംരക്ഷണത്തിനും നല്‍കണം. പെട്ടെന്നുള്ള അതിവര്‍ഷവും അതുമൂലമുണ്ടാകുന്ന ജീവാപായം ഉള്‍പ്പെടെയുള്ള വിപത്തുകളും തടയാന്‍ തദ്ദേശ സര്‍ക്കാരുകള്‍ പ്രാപ്തരാക്കപ്പെടണം. അതിന് പ്രാദേശിക പ്രത്യേകതകള്‍ക്കനുസരിച്ച് ശാസ്ത്രീയമായ പദ്ധതി അസൂത്രണം ഉണ്ടാവണമെന്നും അനില്‍
അക്കരെ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും വടകര കാര്‍ഷിക വികസന ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന ആര്‍. ദാമോദരന്റെ പതിനെട്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയ് കൃഷ്ണ ചാലില്‍ അധ്യക്ഷത വഹിച്ചു. എടവത്തുകണ്ടി കുഞ്ഞിരാമന്‍, കാവില്‍ രാധാകൃഷ്ണന്‍, സി.പി വിശ്വനാഥന്‍, പി സി ഷീബ, ബവിത്ത് മലോല്‍, ശ്രീജിത്ത് എടത്തട്ട, പാലൂന്നി മൊയ്തു, തിരുവള്ളൂര്‍ മുരളി, എ.കെ കുഞ്ഞബ്ദുള്ള, സി വി ഹമീദ്, പി.കെ അജിത, പ്രതീഷ് കോട്ടപ്പള്ളി, പി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
















