
വടകര: ദേശീയ പാതയില്‍ സര്‍വീസ് റോഡിലെ തകര്‍ച്ചമൂലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കെ.കെ. രമ എംഎല്‍എ
പറഞ്ഞു. താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് മുന്നിന് ദേശീയ പാതയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അവര്‍ പറഞ്ഞു. വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഓണം അടുത്ത സാഹചര്യത്തില്‍ വടകര നഗരത്തിലെ ഗതാഗത കുരുക്ക് ദുരിതമായി മാറിയതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജ് (സിയുപി) സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി ‘ആളുകള്‍ എത്തുന്നതാണ് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി. ദേശീയപാത പണിപൂര്‍ത്തീകരിക്കുന്നതോടെ
മൃഗാശുപത്രിയിലേക്കും ചോമ്പാല്‍ മിനി സ്റ്റേഡിയത്തിലേക്കുമുള്ള സഞ്ചാര പാത അടയുമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല പറഞ്ഞു.
താലൂക്കില്‍ മയക്ക് മരുന്ന് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌കുളുകളും കോളജുകളും കേന്ദ്രീകരിച്ച് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. മയക്ക് മരുന്ന് വ്യാപനം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ സമിതി അംഗം പി.പി. രാജനാണ് ഉന്നയിച്ചത്. അരൂര്‍ യുപി സ്‌കൂളിന്റെ മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍ കാട് മൂടി കിടന്ന് വിദ്യാര്‍ഥികള്‍ക്ക് അടക്കം ഭീഷണിയാവുവെന്ന് പരാതി കെഎസ്ഇബി പരിശോധിക്കുമെന്ന് യോഗത്തെ അറിയിച്ചു. പ്രശ്‌നം സമിതി അംഗം കളത്തില്‍ ബാബുവാണ് ഉന്നയിച്ചത്. വടകര അഞ്ച് വിളക്ക് ജംഗ്ഷന്‍, വടകര റസ്റ്റ് ഹൗസ് പരിസരം അടക്കമുള്ള സ്ഥലത്തെ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാന്‍ നടപടിയെടുക്കണമെന്ന് സമിതി അംഗം പുറന്തോടത്ത് സുകുമാരന്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ രതീഷ് കുമാര്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ചന്ദ്രന്‍, സമിതി അംഗങ്ങളായ പി കെ ദാമു എന്നിവര്‍ സംസാരിച്ചു
















