കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് ട്രെയിന്‍
ഗതാഗതത്തില്‍ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിന്‍ ഗതാഗതം. അതേസമയം, കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.
ഇന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസ്
കല്ലായിയില്‍ സര്‍വീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.
ജൂലൈ 08-ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 16511 നമ്പര്‍ കെഎസ്ആര്‍ ബംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് വെസ്റ്റ് ഹില്ലില്‍ സര്‍വീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.
















