
വാന്‍കൂവര്‍: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെ 3-2 ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്.
വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും കൊളംബിയയും തമ്മില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടിലാണ് 4-3 എന്ന സ്‌കോറിന് സ്വിസ് പട വിജയം പിടിച്ചടക്കിയത്. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.
സ്റ്റാര്‍ താരം ജോഹാന്‍ മന്‍സാമ്പിയുടെ പരിക്കിനെ തുടര്‍ന്ന് പ്രതിരോധത്തിലായ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കൊളംബിയ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. മഞ്ഞക്കടലായെത്തിയ ആരാധകരുടെ പിന്തുണയോടെ കളിച്ച കൊളംബിയക്കായി 21-ാം മിനിറ്റില്‍ ഗുസ്താവോ പ്യൂര്‍ട്ട എടുത്ത മികച്ചൊരു ലോങ്‌റേഞ്ചര്‍ സ്വിസ് കീപ്പര്‍ ഗ്രെഗര്‍ കോബെല്‍ പറന്നുതടഞ്ഞു.
രണ്ടാം പകുതിയില്‍ സ്വിസ് ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയുടെ പിഴവില്‍ നിന്ന് കൊളംബിയന്‍ സ്‌ട്രൈക്കര്‍ ലൂയിസ് ഡയസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നുപോയി. സ്വിറ്റ്‌സര്‍ലന്‍ഡിനായി ഫാബിയന്‍ റീഡര്‍ തൊടുത്ത വോളി കൊളംബിയന്‍ കീപ്പര്‍ കാമിലോ വര്‍ഗാസ് അനായാസം രക്ഷപ്പെടുത്തി.
എക്‌സ്ട്രാ ടൈമില്‍ കൊളംബിയക്ക് കളി ജയിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ ലഭിച്ചു.
ഹുവാന്‍ ക്വിന്റേറോയുടെ കോര്‍ണറില്‍ നിന്ന് ജോണ്‍ ലൂക്കുമി തൊടുത്ത ഹെഡ്ഡര്‍ സ്വിസ് ഗോള്‍കീപ്പറെയും മറികടന്ന് ക്രോസ്ബാറില്‍ തട്ടി തെറിച്ചു. തൊട്ടുപിന്നാലെ ഹാമിന്റണ്‍ കാമ്പാസിന് ലഭിച്ച അവസരം താരം ബാറിന് മുകളിലേക്ക് അടിച്ചുകളഞ്ഞു.
120 മിനിറ്റിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കൊളംബിയയുടെ ഡാവിന്‍സണ്‍ സാഞ്ചസിന്റെ കിക്ക് ക്രോസ്ബാറില്‍ തട്ടി പുറത്തുപോയപ്പോള്‍, കുച്ചോ ഹെര്‍ണാണ്ടസിന്റെ കിക്ക് സ്വിസ് കീപ്പര്‍ കോബെല്‍ മനോഹരമായി രക്ഷപ്പെടുത്തി. സ്വിസ് നിരയില്‍ മാനുവല്‍ അകാന്‍ജി കിക്ക് പുറത്തേക്കടിച്ചെങ്കിലും അവസാന കിക്ക് എടുത്ത റുബെന്‍ വര്‍ഗാസ് പന്ത് വലയിലെത്തിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന് ചരിത്ര വിജയം സമ്മാനിച്ചു.
















