
ദോഹ: നാടിന്റെ സമഗ്രമായ പുരോഗതിയില്‍ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കെഎംസിസി ഖത്തര്‍ ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ചാസംഗമം
സംഘടിപ്പിച്ചു. ദോഹയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ‘നാടിന്റെ വികസനത്തിനായി പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന സംഗമം ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്തിന്റെ വിവിധ വികസനാവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിശദമായ നിവേദനവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വികസന രേഖയും ഭാരവാഹികള്‍ എംഎല്‍എയ്ക്ക് കൈമാറി.
നാടിന്റെ സാമ്പത്തിക-സാമൂഹിക വളര്‍ച്ചയില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് നിവേദനം സ്വീകരിച്ചുകൊണ്ട് എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ നൈപുണ്യവും നിക്ഷേപങ്ങളും നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ച വിലയിരുത്തി. പഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനം, റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികള്‍, ടൂറിസം വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ ആധുനികവല്‍ക്കരണം എന്നിവയ്ക്കായുള്ള അടിയന്തര ഇടപെടലുകളാണ് നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. പ്രാദേശിക വികസനത്തില്‍ പ്രവാസികളെ പങ്കാളികളാക്കുന്ന ഇത്തരം കൂട്ടായ്മകള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.
സംസ്ഥാന ഉപാധ്യക്ഷന്‍ അജ്മല്‍ നബീല്‍, പഞ്ചായത്ത് ഭാരവാഹികളായ നബീല്‍ കുളമുള്ളതില്‍, ബഷീര്‍. സി, അഷ്റഫ് പുതിയോട്ടില്‍, ഹാഷിം തണ്ണീര്‍പന്തല്‍, എം.വി. റഹീസ് എന്നിവര്‍ പങ്കെടുത്തു.
















