കൊച്ചി: തങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് ചേരാനല്ലൂരില്‍ 17കാരന് ഓടിച്ച കാറിടിച്ച് മരിച്ച തട്ടുകടയുടമ ജയബാലകൃഷ്ണന്റെ കുടുംബം. കേസില്‍ നിന്നും ഊരിപ്പോരാനുള്ള സകലമാന
തന്ത്രങ്ങളും ജഡ്ജി പയറ്റുന്നുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി കൂട്ടാക്കിയില്ലെന്നും കുടുംബം പറഞ്ഞു. ‘കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു. തുടർന്ന് എന്തുചെയ്യാൻ പറ്റുമെന്ന് അഭിഭാഷകനുമായി ആലോചിക്കും. ഇതുവരെ ഞങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല. ലീഗലി ഇനിയും മൂവ് ചെയ്യാൻ തന്നെയാണ് തീരുമാനം. ഒരുസ്റ്റെപ്പുപോലും പുറകോട്ടില്ല’- എന്നാണ് മകൾ ഭദ്രകീർത്തി പറഞ്ഞത്.
നിലവില്‍ മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ എന്നു മാത്രമാണ് തങ്ങള്‍ പ്രാര്‍ഥിക്കുന്നത്- ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി പറഞ്ഞു. ഇനിയെല്ലാം ഈശ്വരന്റെ കൈയിലാണ്.
സാധാരണക്കാരനാണെങ്കില് മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെയാണ് സമീപിക്കേണ്ടത്. അക്കാര്യം കോടതിയില്‍ ഉന്നയിച്ചു. അതിന് ജഡ്ജി പറഞ്ഞത്, ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തി പ്രതിയായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയില്‍ മാത്രമേ കേള്‍ക്കാന്‍ പറ്റൂവെന്നാണ്. ഇന്നുരാവിലെയാണ് ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. പൊതുബോധത്തിന് കീഴപ്പെടാനാവില്ലെന്ന് പറഞ്ഞ കോടതി കേസില്‍ തുടര്‍ന്നുള്ള ഉത്തരവ് ഉണ്ടാകുന്നത് വരെ ജഡ്ജിയെ അറസ്റ്റുചെയ്യാന്‍ പാടില്ലെന്ന്
അന്വേഷണസംഘത്തിന് നിര്‍ദേശം നല്കി. ഹര്ജിക്കാരന് ഒരു ജുഡീഷ്യല്‍ ഓഫീസറാണെന്നും അദ്ദേഹം അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യതയില്ലെന്നും കോടതി വിലയിരുത്തുകയും ചെയ്തു. അപകടമുണ്ടാക്കിയ വാഹനം ഇതിനകം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 199 എ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വാഹന ഉടമയ്ക്കോ രക്ഷാകര്‍ത്താവിനോ ആയിരിക്കും. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.















