കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിന്
പിന്നാലെ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂര്‍ വെങ്ങോല സ്കൂളിലെ കായിക അധ്യാപകനാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉടലെടുത്തിരുന്നു. ജിജോ ജെയിംസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ്
രേഖപ്പെടുത്തിയതോടെയാണ് അച്ചടക്ക നടപടി. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും സാമ്പാറില്‍ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറില്‍ പുഴുവെന്ന ആരോപണം ഉയര്‍ന്ന സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അധ്യാപകന് ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
















