
ടെക്‌സസ്: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ടെക്‌സസിലെ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരവും കടുത്തതുമായ മത്സരത്തില്‍
ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് സ്‌പെയിന്‍ വിജയം ഉറപ്പിച്ചത്. ഇതോടെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കണ്ണീരോടെയുള്ള അന്ത്യമായി.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും പന്തിന്‍മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്. സ്‌പെയിന്‍ തനതായ പാസിംഗ് ശൈലിയിലൂടെ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ പോര്‍ച്ചുഗല്‍ മികച്ച പ്രതിരോധവും പ്രത്യാക്രമണങ്ങളുമായി മറുപടി നല്‍കി. സ്‌പെയിന്റെ
ലമീന്‍ യമാല്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ മികച്ച ചില ശ്രമങ്ങള്‍ ഇരു ഗോള്‍കീപ്പര്‍മാരും ചേര്‍ന്നു് തടഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല
രണ്ടാം പകുതിയിലും കളി സമനിലയിലേക്ക് നീങ്ങുമെന്നും അധിക സമയത്തേക്ക് വഴിമാറുമെന്നും തോന്നിച്ച നിമിഷത്തിലാണ് സ്‌പെയിന്‍ സബ്സ്റ്റിറ്റിയൂട്ടുകളിലൂടെ കളി തിരിച്ചുപിടിച്ചത്. 85-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആഴ്‌സണല്‍ താരം മൈക്കല്‍ മെറീനോ 91-ാം മിനിറ്റില്‍ സ്‌പെയിന്റെ രക്ഷകനായി അവതരിച്ചു. ഫെറാന്‍ ടോറസ്
നല്‍കിയ മികച്ചൊരു പാസ് സ്വീകരിച്ച് മെറീനോ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. പരാജയത്തിന് ശേഷം വിതുമ്പലോടെയാണ് റൊണാള്‍ഡോ മൈതാനം വിട്ടത്.
2010-ല്‍ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയം-യുഎസ്എ മത്സര വിജയികളെയാണ് സ്‌പെയിന്‍ നേരിടുക.
















