
മെക്‌സിക്കോ: ആതിഥേയരായ മെക്‌സിക്കോയെ 3-2ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ അസ്റ്റെക്ക സ്റ്റേഡിയത്തില്‍
നടന്ന നാടകീയമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയര്‍ പൊരുതി വീഴുകയായിരുന്നു. മോശം കാലാവസ്ഥ കാരണം ഒരു മണിക്കൂറോളം വൈകി ആരംഭിച്ച മത്സരം, ഇംഗ്ലീഷ് താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് അവസാന 36 മിനിറ്റിലധികം 10 പേരുമായാണ് ഇംഗ്ലണ്ട് പൊരുതിയത്. ക്വാര്‍ട്ടറില്‍ നോര്‍വേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കത്തില്‍ മെക്‌സിക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 36-ാം
മിനിറ്റില്‍ ബുകായോ സാക്കയുടെ ക്രോസില്‍ നിന്ന് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി. തൊട്ടടുത്ത രണ്ടാം മിനിറ്റില്‍ (38) ഹാരി കെയ്‌നിന്റെ പാസില്‍ നിന്ന് ബെല്ലിങ്ഹാം തന്റെ രണ്ടാം ഗോളും നേടിക്കൊണ്ട് ഇംഗ്ലണ്ടിന് 2-0 ന്റെ ലീഡ് സമ്മാനിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോനെസ് നേടിയ ഗോളിലൂടെ മെക്‌സിക്കോ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.
രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ഇംഗ്ലീഷ് ഡിഫെന്‍ഡര്‍ ജാരെല്‍ ക്വാന്‍സ ഫൗളിനെ
തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ 10 പേരായി ചുരുങ്ങിയിട്ടും 60-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡ് 3-1 ആയി ഉയര്‍ത്തി. 69-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി രാവുള്‍ ജിമെനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 3-2 ആയി.
അവസാന നിമിഷങ്ങളില്‍ സമനിലയ്ക്കായി മെക്‌സിക്കോ ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിന്റെ മികച്ച സേവുകളുടെ കരുത്തില്‍ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു
















