
ലോസ് ആഞ്ചലസ്: ഫിഫലോകകപ്പിൽ പ്രീക്വാർട്ടിറിൽ കടന്ന് സ്പെയിൻ. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്. മികേല്‍
ഒയർസബാലിന്‍റെ ഇരട്ട ഗോളുകളും (36,86), പെഡ്രോ പൊറോയുടെ ഗോളുമാണ് (66) സ്പെയിന് അനായാസ വിജയം നേടിക്കൊടുത്തത്. പ്രീക്വാർട്ടറിൽ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
കളത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് തൊടുത്തത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട്
പോലുമില്ല. ആദ്യപകുതിയുടെ 36–ാം മിനിറ്റിൽ സ്പെയിൻ ലീഡെടുത്തു. ഓസ്ട്രിയ ബോക്സിന്റെ ഇടതു മൂലയിൽനിന്ന് മാർക് കുകുറെല നൽകിയ നിർണായക ക്രോസിലാണ് സ്പെയിനിന്റെ ആദ്യ ഗോൾ വന്നത്. ബോക്സിൽ പന്തു ലഭിച്ച ഒയർസബാൽ, സമ്മർദങ്ങളില്ലാതെ പന്തു വലയിലെത്തിച്ചു. ഈ ലോകകപ്പിൽ താരത്തിന്റെ മൂന്നാം ഗോളാണിത്. സ്കോർ 1–0. ആദ്യ ഗോൾ നേടിയ ശേഷവും ഓസ്ട്രിയൻ ബോക്സിലേക്കു പന്തുമായി നിരന്തരമെത്താൻ സ്പെയിനു സാധിച്ചു. 38–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നു ലമീൻ യമാൽ എടുത്ത ഷോട്ട്, ഓസ്ട്രിയൻ ഗോളി ഷ്ലാഗർ പിടിച്ചെടുത്തു. പിന്നാലെ അയ്മെറിക് ലപോർട്ടെയും മികേൽ ഒയർസബാലും നടത്തിയ ഗോൾ നീക്കങ്ങൾ
ലക്ഷ്യം കണ്ടില്ല. 45–ാം മിനിറ്റിൽ ഓസ്ട്രിയൻ താരം മിച്ചൽ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി. ഇന്‍ജറി ടൈമിൽ ഓസ്ട്രിയയുടെ സ്റ്റെഫാൻ പോഷിന്റെ ഫൗളിൽ സ്പെയിന് അനുകൂലമായി ഫ്രീകിക്ക്. അലക്സ് ബെനയുടെ കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. രണ്ടാം പകുതിയില്‍ 66–ാം മിനിറ്റിൽ പെദ്രോ പൊറോ സ്പെയിനിന്റെ ലീഡ് രണ്ടാക്കി. ഇടതു വിങ്ങിൽനിന്ന് അലക്സ് ബെന നൽകിയ ക്രോസിൽ തല വച്ചാണ് പൊറോ സ്പാനിഷ് ജഴ്സിയിലെ ആദ്യ ഗോള്‍ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോഴാണ് സ്പെയിൻ മൂന്നാമത്തെ ഗോളടിക്കുന്നത്.
















