
അറ്റ്‌ലാന്റ: ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ കോംഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്ന് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏഴാം മിനുട്ടില്‍ മുന്നിലെത്തിയ കോംഗോയെ
തളക്കാന്‍ 75-ാം മിനുട്ട് വരെ ഇംഗ്ലണ്ടിന് കാത്തിരിക്കേണ്ടി വന്നു. അതുവരെ വന്മതില്‍ തീര്‍ത്ത ആഫ്രിക്കന്‍ കരുത്തിനെ ഹാരി കെയിന്റെ ഉജ്വല ഗോളിലൂടെയാണ് ഇംഗ്ലണ്ട് മറി കടന്നത്. പിന്നാലെ മറ്റൊരു ഗോളും നേടി ഹാരി കെയിന്‍ ഇംഗ്ലണ്ടിനെ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തിലേക്ക് നയിക്കുകയായിരുന്നു.
ഏഴാം മിനിറ്റില്‍ ബ്രയാന്‍ സിപെംഗയാണ് കോംഗോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ചാന്‍സല്‍
എംബെംബയുടെ ലോങ് പാസ് സ്വീകരിച്ച ബ്രയാന്‍ സിപെംഗ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് തൊടുത്ത ഷോട്ട് വലയിലെത്തിച്ചു. ആദ്യപകുതിയില്‍ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ട് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോര്‍ഡന്റെ വരവോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. 75-ാം മിനിറ്റില്‍ ഗോര്‍ഡന്റെ മനോഹരമായ ക്രോസില്‍ നിന്ന് ഹാരി കെയ്ന്‍ ഹെഡറിലൂടെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. സമനില ഗോളിന് ശേഷവും
ആക്രമണം തുടര്‍ന്ന ഇംഗ്ലണ്ട്, 86-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. വീണ്ടും ഗോര്‍ഡന്റെ അസിസ്റ്റില്‍ നിന്ന് പന്ത് സ്വീകരിച്ച ഹാരി കെയ്ന്‍ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് വലതു മൂലയില്‍ പതിച്ചു. ഇതോടെ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടില്‍ ആതിഥേയരായ മെക്‌സിക്കോയെയാണ് ഇംഗ്ലണ്ട് നേരിടുക. ഇന്ത്യന്‍ സമയം ജൂലൈ ആറിന് രാവിലെ 5.30നാണ് മത്സരം.
















