കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്‌കരണം മുടങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പ്രതിഷേധ സൂചകമായി കേരള എന്‍ജിഒ
സംഘ് ജൂലൈ ഒന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ധര്‍ണ നടത്തി. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മൂന്ന് മാസംകൊണ്ട് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിക്കുന്ന നിലപാടുമായാണ് മുന്നോട്ട് പോയത്. ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായത്. എന്നാല്‍ ബജറ്റില്‍ വിസ്മയം ഉണ്ടാകുമെന്ന് മുന്‍കൂര്‍ വാഗ്ദാനം നല്‍കി 12ാം ശമ്പള പരിഷ്‌കരണമോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാതെ യുഡിഫ് സര്‍ക്കാരും ജീവനക്കാരെ വഞ്ചിക്കുകയാണ്. ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ 25% ഇടക്കാലാശ്വാസം അനുവദിക്കണമെന്നു ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ സജീവന്‍ ചാത്തോത്ത് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുരേഷ്.കെ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം പി.പരമേശ്വരന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനീത സജീവ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.ഷാജി, സംസ്ഥാന സമിതി അംഗങ്ങളായ, നിരീഷ്.പി.ജി, ടി.ജ്യോതികുമാര്‍, കെ.കെ.വെങ്കിട്ടരാമന്‍, ജില്ലാ ട്രഷറര്‍ എന്‍.വിനായക്, ടി.കെ.സനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.















