നരിപ്പറ്റ: പകര്‍ച്ചവ്യാധികള്‍ക്കെതിരെ നരിപ്പറ്റയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. ഇതിന്റെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ആരോഗ്യ
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, ഷിഗെല്ല തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്യൂര് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയ്ക്കൊപ്പം മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയും പകരുന്ന ഷിഗെല്ല പോലുള്ള ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ക്കെതിരെയും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു. കൊതുകുകളുടെ ഉറവിടം നശീകരിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണ സാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക, മലിനജലവുമായി സമ്പര്‍ക്കത്തില്‍
വരുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചു. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നായി നാനൂറോളം (400) ആളുകള്‍ പങ്കെടുത്തു. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണവും നടത്താന്‍ തീരുമാനിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.പി.രാജീവന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.രമേഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ.ഷാജി, കെ.കെ.ദിലീപ് കുമാര്‍, വി.അക്ഷയകാന്ത് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ നജിന.സി.കെ സ്വാഗതം പറഞ്ഞു.















