
നാദാപുരം: കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ രണ്ടു വയസുകാരിയെ നാദാപുരം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പാറക്കടവ് ഉമ്മത്തൂര്‍
കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയെ ആണ് നാദാപുരം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വെച്ചപ്പോഴാണ് സംഭവം. തല പൂര്‍ണമായും പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ പല വിധത്തില്‍ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാദാപുരം ഫയര്‍ സ്റ്റേഷനില്‍ കുട്ടിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു. സേനാംഗങ്ങള്‍ ഏറെ ശ്രദ്ധയോടെ കട്ടര്‍, സ്‌പ്രെഡര്‍ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി
പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെടുത്തിയത്. കരഞ്ഞു കൊണ്ട് വന്ന ആലിയ ചിരിച്ചു കൊണ്ട് ഫയര്‍ഫോഴ്‌സ് മാമന്മാരോട് യാത്ര പറഞ്ഞാണ് സ്റ്റേഷനില്‍ നിന്ന് തിരിച്ചു പോയത്.
രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫീസര്‍ വരുണ്‍.എസ്, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ മധുപ്രസാദ് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനീജ് എന്നിവര്‍ നേതൃത്വം നല്‍കി
കളിപ്പാട്ടങ്ങള്‍ക്ക് പകരം വീട്ടുപകരണങ്ങള്‍ എടുത്ത് കളിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
















