
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭാ
തെരഞ്ഞെടുപ്പ് വേളയില്‍ മുന്നണി മുന്നോട്ടുവെച്ച ജനക്ഷേമ വാഗ്ദാനങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ആരോഗ്യ സുരക്ഷ, സാംസ്‌കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് പുതിയ ബജറ്റ് മുന്‍ഗണന നല്‍കുന്നു.
യുഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ യാഥാര്‍ഥ്യമാകും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ
സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ പ്രാഥമികമായി വകയിരുത്തി.
വിലങ്ങാടിന് 5 കോടി
ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വില്ലേജിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാക്കേജ്. ഇതിനായി 5 കോടി വകയിരുത്തി.
കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്
കോഴിക്കോട് എംടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കഥകളി, കൂത്ത്, മാര്‍ഗംകളി, ചവിട്ടുനാടകം, മറ്റ് ക്ഷേത്ര ഗോത്രകലകള്‍ എന്നിവയുടെ അവതരണത്തിനും
പരിശീലനത്തിനുമൊക്കെ ഇവിടെ സൗകര്യങ്ങളുണ്ടാകും.
ജെന്‍സികള്‍ക്കായി ഷോര്‍ട്ട്ഫിലിം അവതരണത്തിന് ഇവിടെ സൗകര്യം ലഭിക്കും. സിനിമ തിയറ്ററുകള്‍, ഭാഷാ മ്യൂസിയം, ശബ്ദമ്യൂസിയം, ഡോര്‍മിറ്ററികള്‍, ഭക്ഷണശാലകള്‍, വിനോദ ഇടങ്ങള്‍ തുടങ്ങി സമഗ്ര വിനോദ പാര്‍ക്ക് ആയി ഇതിനെ മാറ്റും. ഇതിന്റെ നടത്തിപ്പിനായി കള്‍ച്ചറല്‍ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.
കൊച്ചിയില്‍ ഫിലിം സിറ്റി
ഇതോടെ, സിനിമാമേഖലയ്ക്കായി കൊച്ചിയില്‍ ഫിലിം സിറ്റി വരുന്നു. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയലിന്റെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതുവഴി സിനിമ നിര്‍മാണത്തിനു വേണ്ടി വലിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവര്‍ക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളില്‍നിന്നും ഇവിടേക്ക് സിനിമ പ്രവര്‍ത്തകരെ ആകര്‍ഷിക്കുകയാണ്
പദ്ധതിയുടെ ലക്ഷ്യം.
കേരളത്തെ ഏഷ്യയുടെ ഭൗതിക തലസ്ഥാനമാക്കും
കേരളത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രധാന ലക്ഷ്യസ്ഥാനമാക്കാന്‍ വേണ്ടിയാണ് പദ്ധതി. അതുവഴി വിദ്യാഭ്യാസത്തിന് കുട്ടികള്‍ പുറത്ത് പോകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാധുനിക ഗവേഷണ പാര്‍ക്കുകള്‍, മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവ ഒരു കുടക്കീഴിലില്‍ കൊണ്ടുവരുന്ന ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുന്നതിന് കേരള നോളജ് വാലി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ
വനംവന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 243.80 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്.
സംസ്ഥാനത്തെ മലയോര കര്‍ഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണത്തിന്റെ ഭീഷണിയിലാണ്. കേരളത്തില്‍ കടുവ, പുലി എന്നിവയുടെ സെന്‍സസ് നടത്തി അവയെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
















