
കൊച്ചി: മാസപ്പടിക്കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസിൽ അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ
സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർനടപടികൾക്ക് ഇ ഡി മുന്നൊരുക്കം നടത്തിവരികയായിരുന്നു.
ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയി
ല്ല എന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
















