ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-
ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുഭവാവതരണം. ‘സഹകരണധനകാര്യസ്ഥാപനങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കല്‍
സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് എന്നിവ ചേര്‍ന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്. ‘ഉള്‍ച്ചേര്‍ക്കുന്നതും സമത്വപൂര്‍ണവുമായ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍’ എന്നതായിരുന്നു ശീര്‍ഷകം. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടന്ന സിമ്പോസിയത്തിന്റെ ആദ്യദിനത്തില്‍ ‘സമ്പ്രദായങ്ങള്‍ സഹകരണസ്ഥാപനങ്ങളുടെ പരസ്പരസഹകരണവും ധനലഭ്യതയും’ എന്ന വട്ടമേശസമ്മേളനത്തിലായിരുന്നു അവതരണം. പാനലിസ്റ്റായി ക്ഷണിക്കപ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റി ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ ആന്‍ഡ് പസഫിക്കിന്റെ കമ്മിറ്റി ഓണ്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് വൈസ് ചെയര്‍പേഴ്‌സണുമായ ടി.കെ.കിഷോര്‍ കുമാര്‍ ആണ് അവതരണം നടത്തിയത്. ഊരാളുങ്കലിന്റെ സഹകരണ വികസനമാതൃക പഠിക്കാനും പ്രാദേശിക സാഹചര്യങ്ങളില്‍ പകര്‍ത്താനും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സഹകരണസംഘങ്ങളുടെ പരസ്പരസഹകരണത്തിലൂടെ ധനസമാഹരണവും കൂട്ടായ വളര്‍ച്ചയും സാധ്യമാക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി വികസിപ്പിച്ച മാതൃക കിഷോര്‍ കുമാര്‍ വിവരിച്ചു. ഈ മാതൃകയെ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി 2013ല്‍ത്തന്നെ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാതൃകാസഹകരണസംഘമായി ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുക്കുകയും ആഗോളമാതൃക എന്നനിലയില്‍ അവര്‍ ഡോക്യുമെന്റ് ചെയ്ത് ലോകമാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ്. ഐക്യരാഷ്ട്രസഭയുടെ സിമ്പോസിയത്തിലെ
ഇപ്പോഴത്തെ ക്ഷണം ഊരാളുങ്കല്‍ സൊസൈറ്റിയുടെ സുസ്ഥിരവും ജനാധിപത്യപൂര്‍ണവും ജനകേന്ദ്രിതവുമായ വികസനമാതൃകയുടെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിന്റെ പ്രതിഫലനമായി. പ്രാദേശിക സാമ്പത്തിക വികസനത്തില്‍ സഹകരണ പ്രവര്‍ത്തനങ്ങള്‍, വികേന്ദ്രീകൃത വികസനം, സാമൂഹിക ഉടമസ്ഥത, സഹകരണ കണ്‍സോര്‍ഷ്യം വഴിയുള്ള ധനസമാഹരണം എന്നിവയ്ക്കുള്ള പ്രാധാന്യവും കിഷോര്‍ കുമാര്‍ ഊന്നിപ്പറഞ്ഞു. ഓരോ വെല്ലുവിളിയെയും സമഗ്ര വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റിക്കൊണ്ട് സാമൂഹിക, സാമ്പത്തിക, ആഗോള, പരിവര്‍ത്തനങ്ങളോട് യുഎല്‍സിസിഎസ് വിജയകരമായി പ്രതികരിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നിര്‍മാണക്കരാര്‍സംഘം ആയിരുന്ന സൊസൈറ്റി, സഹകരണമേഖലയിലെ വൈവിധ്യവത്ക്കരണസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഐടി, ടൂറിസം, നൈപുണ്യവികസനം, ആര്‍ട്‌സ് & ക്രാഫ്റ്റ്‌സ്, നൂതന സാങ്കേതിക വിദ്യാസ്വീകരണം തുടങ്ങിയ മേഖലകളിലേക്കു വ്യാപിച്ചത് സദസിനു കൗതുകമായി.















